ചിലയിനം ഭക്ഷണപദാർത്ഥങ്ങളും കറിപ്പൊടികളും മറ്റും പ്ലാസ്റ്റിക് കൊണ്ടുള്ള പാത്രങ്ങളിലോ കുപ്പികളിലോ സൂക്ഷിക്കുന്നത് ക്യാൻസറിന് കാരണമാകുന്നു എന്ന ഒരു തെറ്റായ വാർത്ത സമൂഹമാധ്യമങ്ങളിൽ വ്യാപകമായിട്ടുണ്ട്. തിരുവന്തപുരം RCCയിലെ ഡോക്ടർമാരുടെ നിർദേശം എന്ന രീതിയിൽ പ്രചരിക്കപ്പെടുന്ന ഈ വാർത്ത തികച്ചും അടിസ്ഥാനരഹിതമാണ്. പ്ലാസ്റ്റിക് പാത്രങ്ങളോ അലുമിനിയം പാത്രങ്ങളോ ക്യാൻസറിന് കാരണമാകുന്നതായി ശാസ്ത്രീയമായ ഒരു പഠനങ്ങളിലും തെളിയിക്കപ്പെട്ടിട്ടേയില്ല. നേരെമറിച്ച് പ്ലാസ്റ്റിക് കത്തിക്കുമ്പോളുണ്ടാകുന്ന പുകയും രാസവാതകങ്ങളും കാൻസറിനും മറ്റു ശ്വാസകോശരോഗങ്ങൾക്കും കാരണമാകുന്നതായി തെളിയിക്കപ്പെട്ടിട്ടുമുണ്ടെന്ന് ഐഎംഎ അറിയിച്ചു.