സത്യം: ഡീറ്റോക്സ് ഡയറ്റുകളും പഴച്ചാറുകളും ചികിത്സകളും വളരെയധികം ജനപ്രിയമാണ്, പക്ഷേ ശരീരത്തെ ഇതിലൂടെ വിഷവിമുക്തമാക്കാമെന്ന ആശയം ഒരു മിഥ്യ മാത്രമാണ്. വൈദ്യശാസ്ത്രത്തിന്റെ കാഴ്ചപ്പാടിൽ, നമ്മുടെ ശരീരത്തെ വിഷവിമുക്തമാക്കാൻ നമ്മൾ യാതൊന്നും ചെയ്യേണ്ടതില്ല, കാരണം ടോക്സിനുകളെ പുറന്തള്ളാനുള്ള ശരീരത്തിന്റെ തനതായ സംവിധാനങ്ങൾ ഏതൊരു ചികിത്സയേക്കാളും മികച്ചതാണ് . ശരീരത്തിന് വിഷപദാർത്ഥങ്ങളെ പുറന്തള്ളാൻ കഴിയില്ലായെന്നായിരുന്നുവെങ്കിൽ, ഒന്നുകിൽ നമ്മളെല്ലാവരും തന്നെ ഈ സമയത്തിനുള്ളിൽ മരിക്കുകയോ അല്ലെങ്കിൽ ഗുരുതരമായ രോഗങ്ങളെത്തുടർന്ന് ചികിത്സയിലോ ആയേനെ.
അതുപോലെ, നിങ്ങളുടെ ശരീരം 'ഡീറ്റോക്സ് ' അഥവാ വിഷവിമുക്തമാക്കാൻ പ്രത്യേക ഭക്ഷണപദാർത്ഥങ്ങൾ, പാനീയങ്ങൾ, അല്ലെങ്കിൽ ചികിത്സകൾ എന്നിവ എടുക്കേണ്ട ആവശ്യമില്ല.മറിച്ച് ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളുന്നതിനുള്ള അവയവങ്ങളായ കരൾ, വൃക്ക എന്നിയെ കേടുപാടുകൾ കൂടാതെ സൂക്ഷിക്കുക. കരളില്‍ കൊഴുപ്പടിയാന്‍ (faty liver) കാരണമാകുന്ന വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ, സംസ്കരിച്ച ഭക്ഷണങ്ങൾ, പഞ്ചസാര, കൊഴുപ്പുള്ള ആഹാരങ്ങൾ, മദ്യം എന്നിവയുടെ അളവ് കുറയ്ക്കുന്നതിലൂടെ അത് സാധിക്കും. കൂടാതെ ധാരാളം വെള്ളവും കുടിക്കുക.