×

മാറണം എയ്ഡ്സ് രോഗികളോടുള്ള മനോഭാവം

Posted By

IMAlive, Posted on May 3rd, 2019

The attitude towards HIV and AIDS patients must change

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്

സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം മാത്രമല്ല എച്ച്ഐവിക്കും അതിലൂടെ എയ്ഡ്സിനും കാരണമാകുന്നതെന്നിരിക്കെ, രോഗം പകരാന്‍ സാധ്യതയുണ്ടെന്ന് സംശയിക്കുന്നവരെല്ലാം എലീസാ ടെസ്റ്റ് നടത്തുന്നത് ഉചിതമായിരിക്കുമെന്ന് സംസ്ഥാന എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി പ്രൊജക്ട് ഡയറക്ടര്‍ ഡോ. ആര്‍. രമേഷ് പറഞ്ഞു. രോഗബാധിതരായവരില്‍ നിന്ന് രക്തം സ്വീകരിക്കുന്നതിലൂടെയും മറ്റും എച്ച്ഐവി പകരാം. അതുകൊണ്ടുതന്നെ ഏതൊരാള്‍ക്കും രോഗം ബാധിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

രക്തം സ്വീകരിക്കുന്നതുപോലെതന്നെ അണുനാശനം ചെയ്യാത്ത സിറിഞ്ചും സൂചിയും ഉപയോഗിച്ച് കുത്തിവെയ്പെടുക്കുന്നതുമെല്ലാം എച്ച്ഐവി പകരാനുള്ള കാരണമായേക്കാം. ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നുപോയിട്ടുള്ളവരുണ്ടെങ്കില്‍ അവര്‍ക്ക് എലീസാ പരിശോധന നടത്തി എച്ച്ഐവി ബാധിച്ചിട്ടില്ലെന്ന് ഉറപ്പാക്കുന്നത് നല്ലതാണ്. അതൊരു നാണക്കേടായി ആരും കരുതേണ്ടതില്ല. താലൂക്ക് ആശുപത്രികള്‍ മുതലുള്ള കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ‘ജ്യോതിസ്’ കേന്ദ്രങ്ങളിലൂടെ തികച്ചും രഹസ്യമായി ഈ പരിശോധന നടത്താനാകും. ഒരാളില്‍ എച്ച്ഐവി കണ്ടെത്തിയാല്‍തന്നെ അതിന്റെ വിവരങ്ങള്‍ യാതൊരു കാരണവശാലും പുറത്താകില്ലെന്ന് ഡോ. രമേഷ് ചൂണ്ടിക്കാട്ടി. രോഗം കണ്ടെത്തിയാല്‍ അവരെ സര്‍ക്കാര്‍ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യിപ്പിച്ച് ആജീവനാന്തം സുരക്ഷിതമായി രീതിയില്‍ ആവശ്യമായ ചികില്‍സകളും പരിരക്ഷയും ഉറപ്പുവരുത്തും. എച്ച്ഐവി എയ്ഡ്സായി മാറുന്നത് തടയാന്‍ ഇതിലൂടെ സാധിക്കും. ഇതിന് നിര്‍ഭയമായി ആളുകളെത്തി പരിശോധന നടത്തുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.  

എച്ച്ഐവി ബാധിച്ചവരുടെ എണ്ണത്തിലും എയ്ഡ്സ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിലും കാലാനുസൃതമായ കുറവ് സംഭവിച്ചിട്ടും സാക്ഷരതയില്‍ മുന്നിട്ടു നില്‍ക്കുന്ന കേരളത്തില്‍ ഈ രോഗം ബാധിച്ചവരോടുള്ള സമൂഹത്തിന്റെ മനോഭാവത്തില്‍ മാറ്റമുണ്ടാകുന്നില്ലെന്നത് ദൗര്‍ഭാഗ്യകരമാണെന്നു ഡോ. രമേഷ് ചൂണ്ടിക്കാട്ടി. സമീപനാളില്‍ വടക്കന്‍ കേരളത്തില്‍ നിന്ന് എച്ച്ഐവി ബാധിതയായ ഒരു അംഗന്‍വാടി അധ്യാപികയെ ജോലിയില്‍ നിന്ന് മാറ്റിനിറുത്തണമെന്ന ആവശ്യമുയര്‍ന്നിരുന്നു. എച്ച്ഐവി ബാധിതരായ കുട്ടികളെ സ്കൂളുകളില്‍ പഠിക്കാനനുവദിക്കാത്ത സാഹചര്യവുമുണ്ട്. ഈ മനോഭാവം മാറേണ്ടതുണ്ട്.

എച്ച്ഐവി (പ്രിവന്‍ഷന്‍ ആന്‍ഡ് കണ്‍ട്രോള്‍) ആക്ട് 2017ലാണ് ഇനി പ്രതീക്ഷ. 2018 സെപ്റ്റംബര്‍ 10നാണ് ഇത് പ്രാബല്യത്തില്‍ വന്നത്. എച്ച്ഐവി ബാധിച്ചവരുടെ അടിസ്ഥാന അവകാശങ്ങള്‍ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ പാര്‍ലമെന്റ് പാസ്സാക്കിയ ചട്ടമാണിത്. ഇതുപ്രകാരം എച്ച്ഐവി ബാധിച്ച ആളുകള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള സേവനങ്ങള്‍ നിഷേധിക്കാന്‍ പാടില്ല. അവര്‍ ജോലി ചെയ്യുന്ന തൊഴിലിടങ്ങളിലായാലും പഠിക്കുന്ന വിദ്യാലയങ്ങളിലായാലും അവരെ ഒറ്റപ്പെടുത്താന്‍ പാടില്ലെന്നും ഈ ആക്ടില്‍ വ്യക്തമാക്കുന്നുണ്ട്. ഏതെങ്കിലും തരത്തിലുള്ള വിവേചനം ഇത്തരക്കാരോട് പുലര്‍ത്തിയാല്‍ അങ്ങിനെ ചെയ്യുന്നവരെ ശിക്ഷിക്കാന്‍ ചട്ടം ശുപാര്‍ശ ചെയ്യുന്നു.

സംസ്ഥാനങ്ങള്‍ വേണം ഈ ചട്ടം നടപ്പാക്കാന്‍. ഓംബുഡ്സ്മാന്‍ രൂപീകരിക്കുകയെന്നതാണ് ഇതിനായി ആദ്യം സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടത്. ചട്ടപ്രകാരമുള്ള പാരാതികള്‍ ഈ ഓംബുഡ്സ്മാനാണ് കൈകാര്യം ചെയ്യുക. പിഴ ശിക്ഷ മുതല്‍ ജയില്‍ശിക്ഷ വരെ വിധിക്കാനുള്ള അധികാരം ഈ ഓംബുഡ്സ്മാന് ഉണ്ടായിരിക്കും. ബോധവല്‍ക്കരണത്തിനൊപ്പം നിയമം കര്‍ശനമായി നടപ്പാക്കുന്നതും ഇത്തരം കാര്യങ്ങളില്‍ അനിവാര്യമാണെന്ന് ഡോ. രമേഷ് ചൂണ്ടിക്കാട്ടി. ബോധവല്‍ക്കരണം കൊണ്ടുമാത്രം സമൂഹം മാറില്ല. അതേസമയം ശിക്ഷ ലഭിക്കുമെന്നു വന്നാല്‍ അവര്‍ പല നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിന്നും മാറി നില്‍ക്കും. പൊതുസ്ഥലത്ത് പുകവലിക്കുന്നത് പിഴ നല്‍കേണ്ട കുറ്റമായതോടെയാണ് അതിനു കുറവു വന്നത്. അതുപോലെ എച്ച്ഐവി ബാധിതരോട് വിവേചനത്തോടെയും ശത്രുതയോടെയും പെരുമാറുന്നത് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നു വന്നാല്‍ അവര്‍ സമൂഹത്തില്‍ ഒറ്റപ്പെടുത്തപ്പെടുന്നതിന് കുറവുണ്ടാകുമെന്ന് ഡോ. രമേഷ് പറയുന്നു.

എച്ച്ഐവി ബാധിതരുടെ അവകാശ സംരക്ഷണത്തിനൊപ്പം അവരെ പരിരക്ഷിക്കുന്നവര്‍ എന്തൊക്കെ ചെയ്യണമെന്നും രഹസ്യാത്മകത കാത്തുസൂക്ഷിക്കേണ്ടതിനെപ്പറ്റിയുമൊക്കെ ചട്ടത്തില്‍ വ്യക്തമാക്കുന്നുണ്ട്

The attitude towards HIV and AIDS patients must change