Posted By
ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്
Edited by: IMAlive Editorial Team of Doctors
ഇന്ന് മറ്റേത് രോഗത്തെയും പോലെ ചിട്ടയായും ശരിയായതുമായ ചികിത്സയിലൂടെ മാറ്റിയെടുക്കാവുന്ന ഒന്നായിക്കഴിഞ്ഞു ക്യാന്‍സറും. ഒന്നിലധികം തവണ രോഗം പിടിമുറുക്കിയിട്ടും മുന്നേറി വന്നവര്‍ ഒട്ടേറെ. ഏതൊരു സാധാരണക്കാരനെയും പോലെ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നവര്‍ ധാരാളം.
നിര്‍മല ഹാപ്പിയാണ്: തോല്‍ക്കാനുള്ളതല്ല ജീവിതം
തിരുവനന്തപുരം സ്വദേശിനിയായ നിര്‍മലയുടെ ജീവിതം നിരവധി പ്രതിസന്ധികള്‍ തരണം ചെയ്തു വന്നതാണ്. മുന്നോ നാലോ മാസം മാത്രം നീണ്ടുനിന്ന ഇരുപതാം വയസിലെ ആദ്യ വിവാഹം. ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധം കാരണം വേര്‍പിരിയല്‍. നാലഞ്ചു വര്‍ഷത്തിനു ശേഷം മറ്റൊരു വിവാഹം. ജീവിതം സന്തോഷത്തിന്റെ പടവുകളിലേക്ക് അടുത്തുകൊണ്ടിരിക്കെയാണ് ക്യാന്‍സര്‍ പിടിപെടുന്നത്. ബ്രസ്റ്റിനാണ് രോഗബാധ. നിര്‍മലയുടെ അസുഖം തിരിച്ചറിയുന്നതിന് മുമ്പ് തന്നെ രണ്ടാം വിവാഹത്തിലെ ഭര്‍ത്താവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു. എല്ലാം കൊണ്ടും ജീവിതം അന്ധകാരത്തിലാകുന്ന അവസ്ഥ. ജീവിതത്തില്‍ തുടര്‍ച്ചയായുണ്ടാകുന്ന പ്രതിസന്ധികള്‍ മറ്റുള്ളവരില്‍നിന്ന് അകന്നു നില്ക്കാന് പ്രേരിപ്പിച്ചു.
വീട്ടുകാരുടെ തണലില്‍ ക്യാന്‍സറിന് ചികിത്സ തുടങ്ങി. രോഗബാധയുടെ മൂര്ധന്യാവസ്ഥയെ തുടര്‍ന്ന് മാറിടം ശസ്ത്രക്രിയയിലൂടെ മാറ്റേണ്ടി വന്നു. രോഗത്തിന്റെ വേദന മറക്കാന്‍ മറ്റുള്ളവര്‍ക്കൊപ്പം സമയം ചെലവഴിക്കാന്‍ തുടങ്ങി. രോഗാവസ്ഥ മെച്ചപ്പെടുന്നതിനൊപ്പം നിര്‍മലയുടെ മാനസികാവസ്ഥയിലും മാറ്റമുണ്ടായി. ഇന്ന് വാര്‍ധക്യത്തിലെത്തിയ അച്ഛനും അമ്മയും അടങ്ങുന്ന കുടുംബത്തിന് താങ്ങും തണലുമാണ് നിര്‍മല.
How Nirmala defeated Breast Cancer