Posted By
ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്
Edited by: IMAlive Editorial Team of Doctors
ദിവസവും 40 പുഷ്അപ്പ് എടുക്കാന്‍ പറ്റുമോ? പറ്റുമെങ്കില്‍ ഹൃദയാഘാതത്തിനുള്ള സാധ്യത വളരെ കുറവാണ്
പുഷ് അപ്പും ഹൃദ്രോഗവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? നേരിട്ട് ബന്ധമൊന്നും കണ്ടെത്തിയിട്ടില്ലെങ്കിലും പുഷ് അപ് എടുക്കാനുള്ള ശേഷിയുണ്ടെങ്കിൽ അത് നല്ല ശാരീരികാരോഗ്യത്തിന്റെ വ്യക്തമായ സൂചനയാണെന്ന് ഗവേഷകർ പറയുന്നു.
ഒറ്റത്തവണ മുടങ്ങാതെ നാൽപതു വരെയൊക്കെ പുഷ് അപ് എടുക്കാൻ നിങ്ങൾക്ക് കഴിയുമെങ്കിൽ നിങ്ങൾ ശാരീരികമായി 'ഫിറ്റ്' ആണെന്നാണ് ജാമ നെറ്റ്വർക്ക് ഓപ്പൺ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്. പക്ഷേ, ഇതൊരു പ്രത്യേക പ്രായത്തിലുള്ളവർക്ക് മാത്രമാണ് ബാധകം. പുഷ് അപ്പ് കായികശേഷിക്കു നിദാനമാകുമെന്നു കരുതി കുട്ടികളെക്കൊണ്ട് നാൽപതു പുഷ് അപ് എടുപ്പിക്കാൻ ശ്രമിക്കരുതെന്നർഥം. ശരാശരി 39.6 വയസ്സ് പ്രായമുള്ള 1104 പേരടങ്ങുന്ന ഒരു സംഘം പുരുഷന്മാരിലാണ് ഗവേഷകർ പഠനം നടത്തിയത്. 9.2 വയസ്സായിരുന്നു ഇവരുടെ പരമാവധി പ്രായവ്യത്യാസം. അതുകൊണ്ടുതന്നെ തീരെ ചെറുപ്പക്കാരിലും പ്രായംചെന്നവരിലുമൊന്നും ഈ പരീക്ഷണം നടത്തിനോക്കരുത്. മധ്യവയസ്കർക്കാണ് ഇത് അനുയോജ്യമാകുക. പ്രായം ചെന്ന ആളുകള്‍ പുഷ് അപ്പ് എടുക്കുന്നത് തോളുകള്‍ക്ക് പ്രശ്നമുണ്ടാകും. തോളുകളില്‍ പൊട്ടലോ മറ്റോ ഉണ്ടായാല്‍ ചികില്‍സ ബുദ്ധിമുട്ടേറിയതും ചെലവേറിയതുമാണ്.
പുഷ് അപ് ശേഷി പരിശോധിക്കുന്നത് ഹൃദ്രോഗ സാധ്യത മനസ്സിലാക്കാനുള്ള ചെലവില്ലാത്ത മാർഗമായാണ് ഗവേഷകർ നിരീക്ഷിക്കുന്നത്. ട്രെഡ് മില്ലുകൾ ഉപയോഗിച്ചു ചെയ്യുന്ന പരിശോധനകളേക്കാൾ ഫലം ലഭിക്കുന്നതും ഇതിനാണെന്ന് ഹാർവാർഡ് ടി.എച്ച്. ചാൻ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ ഒക്യുപ്പേഷണൽ മെഡിസിൻ റെസിഡന്റ് ജസ്റ്റിൻ യാങ് പറഞ്ഞു. ട്രെഡ് മില്ലുകൾ പോലുള്ളവയേക്കാൾ കൃത്യതയോടെ ഇത്തരം രോഗങ്ങൾ ഉണ്ടോയെന്ന് കണ്ടെത്താനാകുമെന്നതാണ് ലളിതവും ആഗോളവുമായ മാർഗങ്ങളുടെ ഏറ്റവും വലിയ പ്രയോജനം.
Study finds men who can do 40 have lower risk of heart disease