Posted By
ലേഖകൻ :ഡോ.അരുൺ ബി. നായർ
അസി.പ്രൊഫസർ.സൈക്യാട്രി
തിരുവനന്തപുരം മെഡിക്കൽ കോളേജ്
ലഹരി വസ്തുവിന് അടിമയായ ചെറുപ്പക്കാരെ കൃത്യമായ ചികിൽസയിലൂടെ അതിൽ നിന്ന് മോചിപ്പിക്കാൻ പറ്റും. രണ്ടു ഘട്ടങ്ങളിലൂടെയാണ് ഈ ചികിൽസ മുന്നോട്ടുപോകുന്നത്. മദ്യമോ ബ്രൗൺഷുഗർ (Brown sugar) പോലുള്ള ലഹരി പദാർഥങ്ങളോ ഉപയോഗിക്കുന്നവർക്ക് അത് നിറുത്തുമ്പോൾ കഠിനമായ പിൻവാങ്ങൽ ലക്ഷണങ്ങളുണ്ടാകുമെന്നതിനാൽ ഒരു സൈക്യാട്രിസ്റ്റിന്റെ(Psychiatrist) നേതൃത്വത്തിൽ വിഷവിമോചന ചികിൽസ നൽകുന്നു. ഏഴു ദിവസം മുതൽ പത്തു ദിവസം വരെ നീണ്ടുനിൽക്കുന്ന ഈ ചികിൽസയിലൂടെ ഉറക്കക്കുറവ്, പിൻവാങ്ങൽ ലക്ഷണങ്ങൾ, പെരുമാറ്റപ്രശ്നങ്ങൾ തുടങ്ങിയവയൊക്കെ നിയന്ത്രണവിധേയമാകും. തുടർന്ന് ആറുമാസം മുതൽ ഒൻപത് മാസം വരെ നീണ്ടുനിൽക്കുന്ന പുനഃപതന പ്രതിരോധ ചികിൽസ എന്ന ചികിൽസയാണ് നൽകുക. ഇതുവഴി ഇവർ വീണ്ടും ലഹരി വസ്തുവിലേക്കു പോകുന്നത് തടയാൻ പറ്റും. മരുന്നുകളും കൗൺസിലിംഗും(Counciling) കുടുംബാംഗങ്ങൾക്കുള്ള പരിശീലനവും ഇതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഇന്റർനെറ്റ് പോലെ സ്വഭാവ സംബന്ധമായ അടിമത്തമുള്ളവരേയും വിദഗ്ധരായ സൈക്യാട്രിസ്റ്റുമാരുടെ(Psychiatrist) സഹായത്തോടെ സമാനരീതികളിലുള്ള ചികിൽസയിലൂടെ മോചിപ്പിച്ച് സ്വാഭാവിക ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ ഇന്നത്തെ സാഹചര്യത്തിൽ സാധിക്കും.
Teenage Substance Abuse Prevention