Posted By
ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്
ചില നാഡികളുടെ പ്രവർത്തനം ക്ഷയിക്കുന്നതുമൂലം മുഖത്തെ പകുതിഭാഗത്തെ പേശികൾക്ക് ബലവും ചലനശേഷിയും നഷ്ടപ്പെടുന്ന രോഗമാണ് ഹെമിഫേഷ്യൽ പാൾസി (hemifacial palsy). ഈ രോഗം ബാധിച്ച രോഗികളിൽ ന്യൂറോപൊസ്തെറ്റിക് ഉപകരണം സ്ഥാപിച്ച് മുഖപേശികളുടെ ചലനശേഷി പുനഃസ്ഥാപിക്കാൻ സാധിക്കുമെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. എലികളില്‍ നടത്തിയ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ അമേരിക്കൻ സൊസൈറ്റി ഓഫ് പ്ലാസ്റ്റിക് സർജൻസിന്റെ (ASPS) മുഖപ്രസിദ്ധീകരണമായ പ്ലാസ്റ്റിക് ആൻഡ് റീകൺസ്ട്രക്ടീവ് സർജറിയുടെ ജനുവരി ലക്കത്തില്‍ ഇതു സംബന്ധിച്ച ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മുഖത്തിന്റെ നഷ്ടപ്പെട്ട ചില ധർമ്മങ്ങൾ ശസ്ത്രക്രിയകൾ വഴി പുനഃസ്ഥാപിക്കാൻ സാധിക്കും. എന്നാൽ ഇതിനു ചില ന്യൂന്യതകളുണ്ട്. ഉദാഹരണത്തിന്, ശസ്ത്രക്രിയയ്ക്കു ശേഷം രോഗികൾക്ക് പുഞ്ചിരിക്കാൻ സാധിക്കുമെങ്കിലും, അത് ചെയ്യാൻ ഒരു ബോധപൂർവമായ ശ്രമം ആവശ്യമാണ്. കൂടുതൽ സ്വാഭാവികവും അനുയോജ്യവുമായ ചലനങ്ങൾ ഉണ്ടാക്കുന്നതിനായി, പക്ഷാഘാതം സംഭവിച്ച ഭാഗത്തെ ഉത്തേജനം മറു ഭാഗത്തെ പേശികളുമായി ബന്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതുമൂലം ഇരുഭാഗത്തും സമാനഗതിയിലുള്ള ചലനങ്ങളും പേശീപ്രവർത്തനങ്ങളും ഉണ്ടാകും.
"ജോഡിയാക്കിയ പേശികളുടെ സങ്കോചങ്ങൾ" കൂടുതൽ നൈസർഗികവും സാധാരണവുമായ ചലനങ്ങൾ ഉണ്ടാക്കുന്നു. മിക്ക മുഖഭാവങ്ങളും, പ്രത്യേകിച്ച് സന്തോഷസൂചകമായ ഭാവങ്ങളും ഇത്തരത്തിൽ സന്തുലിതമാണെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നുണ്ട്. ഇത് സംബന്ധിച്ച് എലികളിൽ നടത്തിയ പരീക്ഷങ്ങളിൽ കണ്ണ് ചിമ്മുന്നതും, മീശരോമങ്ങളുടെ ചലനങ്ങളും മറ്റും വൈദ്യുതി ഉത്തേജനം കൊണ്ട് പുനഃസൃഷ്ടിക്കാൻ ഗവേഷകർക്ക് കഴിഞ്ഞു.
മുൻകാല പഠനങ്ങളിൽ മുഖത്തെ ആരോഗ്യകരമായ ഭാഗത്തുനിന്നുമുള്ള സിഗ്നലുകൾ ഉപയോഗിച്ച് പാൾസി ബാധിച്ച പേശികളെ ചലിപ്പിക്കുന്നതിനുള്ള അടിസ്ഥാന ആശയം അവതരിക്കപ്പെട്ടിരുന്നു. എന്നാൽ പുതിയ പഠനം ഈ സാങ്കേതികവിദ്യ ദീർഘകാലത്തേക്ക് എങ്ങിനെ വിനിയോഗിക്കാമെന്നതിലേക്ക് കൂടുതൽ വെളിച്ചം വീശുന്നതാണ്. സ്വാഭാവികവും, നൈസർഗികവുമായ ഭാവങ്ങൾ പുനഃസ്ഥാപിക്കുന്നതിലും അനാവശ്യവും അപ്രസക്തവുമായ ചലനങ്ങൾ തടയുന്നതിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഈ പഠനങ്ങൾ പുരോഗമിക്കുന്നത്.
ഡോ. ജോവറ്റിന്റെയും സഹഗവേഷകരുടെയും അഭിപ്രായത്തിൽ മുഖപേശികളുടെ പൂർണ്ണമായ ചലനാത്മകതയെ പുനരുജ്ജീവിപ്പിക്കുക എന്നതാണ് പഠനത്തിന്റെ ആത്യന്തിക ലക്ഷ്യം. പുരികങ്ങൾ ഉയർത്തുക, മിഴികൾ തുറക്കുകയും അടയ്ക്കുകയും ചെയ്യുക, പുഞ്ചിരി എന്നീ മൂന്നു സന്തുലിതമായ ചലനങ്ങൾ മാത്രം പുനർനിർമ്മിക്കുന്നത് തന്നെ മെച്ചപ്പെട്ട ഫലങ്ങൾ ഉണ്ടാക്കുന്നുണ്ട്. എലികളിലെ പ്രാഥമിക പരീക്ഷണങ്ങൾ വിജയകരമാണെങ്കിലും, "ബയോണിക് ഫെയ്സ്" മനുഷ്യരുടെ രോഗചികിത്സയിൽ നടപ്പാക്കുന്നതിനായി നമുക്ക് വളരെക്കാലം കാത്തിരിക്കേണ്ടിവരും.
കടപ്പാട് : ഡോ. ആർ.വി. ജയകുമാർ
Facial paralysis is a loss of facial movement due to nerve destruction.facial paralysis bionic face treatment procedure