Posted By
ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്
ഇരുചക്രവാഹനം നമ്മുടെയൊക്കെ ജീവിതത്തിന്റെ ഭാഗമായി മാറിയിട്ട് കാലമേറെയായി. ഗതാഗതമാർഗ്ഗം എന്നതിലുപരി ജോലിയുടെ ഭാഗമായും യാത്രകൾക്കായും ബൈക്കുകൾ നാം ഉപയോഗിച്ചുവരുന്നു. ദൂരെയിടങ്ങളിലേക്ക് ബൈക്കുകളിൽ യാത്രപോവുക ഇന്ന് യുവതലമുറയ്ക്ക് ഒരു ഹരമാണ്, അതിനേക്കാളുപരി ഒരു ലഹരിയാണ്.
എന്നാൽ ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്നവരുടെ ഒരു പ്രധാന പ്രശ്നം നടുവേദനയാണ്. ആരോഗ്യത്തെ കാര്യമായിത്തന്നെ ഈ ബൈക്ക് യാത്ര ബാധിക്കുന്നുണ്ടെന്നർത്ഥം. നടുവേദനയ്ക്ക് പുറമെ കഴുത്തിലേയും തോളിലേയും സന്ധികളിലുണ്ടാകുന്ന കടുത്ത വേദനയും ബൈക്ക് യാത്രികരുടെ സ്ഥിരം പ്രശ്നമാണ്.
എന്താണ് നടുവേദനയ്ക്ക് കാരണം?
ബൈക്ക് ഓടിക്കുമ്പോൾ ചലനങ്ങൾ നേരിട്ട് ബാധിക്കുന്നത് ലംബാർ വെർട്ടിബ്രയുടെ ഭാഗത്ത് അഥവാ നടുഭാഗത്താണ്. ബൈക്ക് യാത്ര സ്ഥിരമാകുന്നതോടെ നട്ടെല്ലിലെ കശേരുക്കൾക്കിടയിലെ ഡിസ്ക്കുകൾ പതിയെ പുറത്തേക്ക് തള്ളിവരുന്നു. അത് സുഷുമ്നാ നാഡിയേയും മറ്റ് പോഷകനാഡികളേയും ഞെരുക്കി കഠിനമായ വേദനയിലേയ്ക്ക് നയിക്കുന്നു.
കഴുത്തിനുണ്ടാകുന്ന പ്രശ്നങ്ങൾ
ബൈക്ക് ഓടിക്കുമ്പോൾ ഹാൻഡിലിൽപിടിച്ച് നേരേനോക്കി കൂടുതൽ നേരം ഇരിക്കുന്നതിലൂടെ കഴുത്തിലെ കശേരുക്കളുടെ മുറുക്കം കൂടുതലാവും. ബൈക്ക് യാത്ര കഴിഞ്ഞാലും കുറച്ചുനേരത്തേക്ക് കഴുത്ത് തിരിക്കാൻ കഴിയാത്ത അവസ്ഥയുണ്ടാകും.
നടുവേദന ഒഴിവാക്കാൻ ചില മാർഗ്ഗങ്ങൾ
• ഓടിക്കുമ്പോൾ നടുനിവർത്തി നേരെയിരിക്കണം.
• ചെവികളും തോളും ഒരേ രേഖയിൽ വരണം.
• കാലുകൾ ഫുട്ട് റസ്റ്റിൽ നേരെ വെച്ച് ഹാൻഡിലിൽ പിടിച്ചിരിക്കണം.
• കഴുത്ത് മുന്നിലേക്ക് നീട്ടിവെച്ചും മുന്നോട്ട് കുനിഞ്ഞിരുന്നും വണ്ടിയോടിക്കക്കരുത്
• ഹംപുകൾ ഒഴിവാക്കി ബൈക്കോടിക്കാൻ ശ്രമിക്കരുത്.
• കുഴികൾ നിറഞ്ഞ റോഡിലൂടെ ഓടിക്കുമ്പോൾ പതുക്കെ പോവുക.
• ദീർഘദൂരം തുടർച്ചയായി ബൈക്കിൽ യാത്ര ചെയ്യരുത്.
• ലോങ് ഡ്രൈവിന് പോകുന്നവരാണെങ്കിൽ ചെറിയ ഇടവേളകളെടുത്ത് യാത്ര ചെയ്യുക.
Why bike riders get back pain and How to avoid it