Posted By
ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്
Edited by: IMAlive Editorial Team of Doctors
പ്രതിരോധശേഷി കുറവായതിനാൽ കുഞ്ഞുങ്ങൾക്ക് വളരെ പെട്ടന്ന് പനി പിടിപെടാറുണ്ട്. മുതിർന്നവരെപ്പോലെ ശാരീരിക അസ്വാസ്ഥ്യങ്ങളുമായി പൊരുത്തപ്പെടാൻ കുഞ്ഞുങ്ങൾക്ക് കഴിവില്ലാത്തതിനാൽ കഠിനമായ പനിയിലേക്ക് എത്താതെ തുടക്കത്തിലേ പനിയ്ക്ക് തടയിടുന്നതായിരിക്കും എപ്പോഴും നല്ലത്. ഇതിനായി മരുന്നുകളുടെ സഹായം തേടണമെന്നില്ല. ലളിതമായ ചില മാർഗ്ഗങ്ങളിലൂടെത്തന്നെ ഇതിന് സാധിക്കും. അവ ഏതെല്ലാമെന്ന് നോക്കാം:
1. പനി ഉണ്ടെന്ന് കണ്ടെത്തിയാൽ ധാരാളം വെള്ളം നൽകുക. ചെറുചൂടുവെള്ളം തന്നെ നൽകാൻ ശ്രദ്ധിക്കുക.
2. തണുപ്പ് അധികം ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുക.
3. കുഞ്ഞിനെ വൃത്തിയായി സംരക്ഷിക്കുക.
4. കടുത്ത പനിയുള്ളപ്പോൾ ഇളംചൂടുവെള്ളത്തിൽ തോർത്ത് മുക്കി നല്ല പോലെ പിഴിഞ്ഞ ശേഷം കുഞ്ഞിന്റെ ശരീരം തുടച്ചെടുക്കുക. നല്ല പനി ഉണ്ടെങ്കിൽ ഇടവിട്ട് തുടച്ചെടുക്കണം
5. ശരീരത്തിൽ നിന്ന് ജലാംശം കൂടുതലായി നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധ വേണം.
6. പനിയുള്ളപ്പോൾ കുഞ്ഞുങ്ങളെ അയഞ്ഞ വസ്ത്രങ്ങൾ ധരിപ്പിക്കുക.
7. കട്ടിയുള്ള പുതപ്പും മറ്റും ഉപയോഗിക്കാതിരിക്കുക.
കുഞ്ഞിന്റെ വായ, ഉള്ളംകൈ, കാൽവെള്ള എന്നിവിടങ്ങളിലും ശരീരത്തിലും ചൂട് അനുഭവപ്പെടുന്നതിലൂടെ കുഞ്ഞിന് പനിയുണ്ടെന്ന് മനസിലാക്കാം. കുഞ്ഞിന്റെ വായിലെ ചൂട് മുലയൂട്ടുന്ന സമയത്ത് അമ്മയ്ക്ക് അറിയാനാകും. അർധരാത്രിയോ പുലർച്ചെയോ ആവാം ചിലപ്പോൾ കുഞ്ഞുങ്ങളിൽ പനിയുടെ ലക്ഷണങ്ങൾ കണ്ടു തുടങ്ങുക. നല്ല ചൂടുണ്ടെങ്കിൽ ഇളംചൂട് വെള്ളത്തിൽ തോർത്ത് മുക്കി നല്ല പോലെ പിഴിഞ്ഞ ശേഷം കുഞ്ഞിന്റെ ശരീരം തുടച്ചെടുക്കുക. കുഞ്ഞിന്റെ ദേഹം തണുപ്പിക്കുകയല്ല വേണ്ടതെന്നോർമിക്കുക. നനഞ്ഞ തുണി ദേഹത്തിടുകയും ചെയ്യരുത്.
നനഞ്ഞ തുണി കൊണ്ടു തുടയ്ക്കാൻ കുട്ടി സമ്മതിക്കുന്നില്ലെങ്കിൽ നന്നായി കഴുകി വൃത്തിയാക്കിയ അമ്മയുടെ കൈകൾ ഇളംചൂട് വെള്ളത്തിൽ മുക്കി കുഞ്ഞിന്റെ ദേഹം തുടച്ചാലും മതി. അപസ്മാരമുള്ള കുഞ്ഞാണെങ്കിൽ പനി വരുമ്പോൾ തന്നെ വൈദ്യസഹായം തേടേണ്ടതാണ്.പനി മാറ്റമില്ലാതെ തുടരുകയാണെങ്കിൽ സ്ഥിരമായി കുഞ്ഞിനെ കാണിക്കുന്ന ഡോക്ടറെ സമീപിക്കുകയും, ഡോക്ടറുടെ നിർദേശപ്രകാരമുള്ള മരുന്നുകൾ നൽകുകയുമാകാം.
If your child has the fever, don't bundle him up with thick blankets or clothes